ശ്രീമക്രേരി ക്ഷേത്രത്തിൽ സംഗീത സാമ്രാട്ടായ ദക്ഷിണ മൂർത്തി സ്വാമികൾ നേതൃത്വം വഹിച്ചു തുടക്കമിട്ട സംഗീത സദസ്സാണ് ത്യാഗരാജ അഖണ്ഡ സംഗീതാരാധനാ യജ്ഞം. ശ്രീ മക്രേരി അമ്പലത്തിലെ ഈ വർഷത്തെ ആഞ്ജനേയ ലക്ഷാർച്ചനയും, ദക്ഷിണാമൂർത്തി സ്മൃതിലയ ത്യാഗരാജ അഖണ്ഡ സംഗീതാരാധനാ യജ്ഞവും 2023 ഡിസംബർ മാസം 29,30,31 തീയ്യതികളിൽ നടത്തുന്നു. ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീതയഞ്ജർ പങ്കെടുക്കുന്നു.
ശ്രീമക്രേരി ക്ഷേത്രത്തിലെ ത്യാഗരാജ അഖണ്ഡ സംഗീതാരാധനാ യജ്ഞം
ഹനുമാൻ സ്വാമിയുടെ ഭക്തനായിരുന്ന ദക്ഷിണാമൂർത്തി സ്വാമികൾക്ക് ഒരിക്കൽ ഹനുമാൻ ക്ഷേത്രത്തിന്റെ ഉയർച്ചയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന സ്വപ്നദര്‍ശനമുണ്ടായി. അങ്ങനെയാണ് മക്രേരി ക്ഷേത്രം പുതുക്കി പണിയാൻ അദ്ദേഹം തീരുമാനിച്ചത്.
ക്ഷേത്രത്തിൽ അദ്ദേഹം സരസ്വതി മണ്ഡപം സ്ഥാപിച്ചു. അതിനു പിന്നാലെ അദ്ദേഹം ത്യാഗരാജ അഖണ്ഡ സംഗീതാരാധനാ യജ്ഞവും ആരംഭിച്ചു. ഇരുപതു വർഷത്തിലേറെയായി ഈ സംഗീതകാലപരിപാടി ക്ഷേത്രത്തിൽ നടത്തി വരുന്നു. 48 മണിക്കൂർ നീളുന്ന ഈ സംഗീത വേദിയിൽ ത്യാഗ രാജ കീർത്തനങ്ങൾ മാത്രമാണ് ആലപിക്കുന്നത്.
ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം പോലെ അനേകം സംഗീതജ്ഞർ ഇവിടെയും പങ്കെടുക്കാനെത്താറുണ്ട്. ത്യാഗ രാജ സ്വാമികളുടെ കീർത്തനങ്ങൾ രേഖപ്പെടുത്തിയ സംഗീതമണ്ഡപം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ദക്ഷിണാമൂർത്തി സ്വാമികൾക്കു ലഭിച്ച പുരസ്കാരങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏതൊരു സംഗീത പ്രേമിയുടെയും കാതും മനസ്സും കുളിരണീയിപ്പിക്കുന്ന ഒരു സ്ഥലം കൂടിയാണ് ഇവിടം.